ജഡ്ജിയെ മാറ്റിയത് നാണക്കേടെന്ന് പ്രിയങ്ക ഗാന്ധി; ലോയയെ അനുസ്മരിച്ച് രാഹുൽ

Justice Muralidhar’s transfer: Shameful, says Priyanka; Rahul remembers Justice Loya

ഡൽഹി കലാപത്തിൽ ബിജെപി നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ രംഗത്തുവന്നു. എസ്. മുരളീധറിനെ അർദ്ധ രാത്രി സ്ഥലം മാറ്റിയത് ഞെട്ടിപ്പിക്കുന്നതിലുപരി സങ്കടവും നാണക്കേടുണ്ടാക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. നിയമവ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണ്. ജുഡീഷ്യറിയിൽ ഉള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് ശ്രമമെന്നും പ്രിയങ്ക പറഞ്ഞു. 

സ്ഥലം മാറ്റാത്ത ധീരനായ ലോയയെ ഓർക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെട്ട വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ കൊല്ലപ്പെട്ടയാളാണ് ജസ്റ്റിസ് ലോയ. ബിജെപി നേതാക്കളെ രക്ഷിക്കാനാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

എന്നാൽ ജസ്റ്റിസ് എസ്. മുരളിധറിനെ സ്ഥലം മാറ്റിയത് സ്വഭാവിക നടപടി മാത്രമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. കപില്‍ മിശ്ര അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അര്‍ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റുന്നത്. തുടർന്ന് പല ഭാഗത്തുനിന്നും വിമർശനം ഉയർന്നിരുന്നു. 

content highlights: Justice Muralidhar’s transfer: Shameful, says Priyanka; Rahul remembers Justice Loya