ദേശീയ സമഗ്രതയെയും സാമുദായിക ഐക്യത്തെയും ബാധിക്കുന്ന പോസ്റ്റുകളും വീഡിയോകളും പോസ്റ്റു ചെയ്തതിന് ഹൈദരാബാദിലെ സൈബർ ക്രൈം പോലീസ് സോഷ്യൽ മീഡിയ ഭീമന്മാരായ ട്വിറ്റർ, വാട്സ്ആപ്പ്, ടിക് ടോക്ക് എന്നിവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. രാജ്യ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളിയുണ്ടാക്കുന്ന രീതിയിലും, സാമുദായിക സാഹോദര്യം തകർക്കുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചതിനെതിരെയും ഐപിസിയിലേയും, ഐടിആക്ട് 2000 ത്തിലേയും വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 14ന് ഹൈദരാബാദിലെ ജേർണലിസ്റ്റും സാമുഹിക പ്രവർത്തകനുമായ സിൽവാരി ശ്രീശൈലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് പതിനാലാം നമ്പർ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തുന്നതിനായി ഹൈദരാബാദ് പോലീസിന് നിർദേശം നല്കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
വരും ദിവസങ്ങളിൽ തന്നെ ഈ മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെ മാനേജുമെൻ്റുകൾക്കും നോട്ടീസ് അയക്കുമെന്നാണ് ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ സൈബർ ക്രൈം വിഭാഗം അറിയിച്ചിരിക്കുന്നത്. ചില സ്ഥാപിത താൽപാര്യക്കാരും, പാകിസ്ഥാനിൽ നിന്നുള്ളവരും തയ്യാറാക്കുന്ന സിഎഎ, എൻആർസി വിരുദ്ധ വീഡിയോകൾ ടിക്ടോക് പോലുള്ള മാധ്യമങ്ങളിൽ വൈറലാകുന്നുണ്ടെന്നും, ഇത് രാജ്യ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്നും സിൽവാരി ശ്രീശൈലം പറഞ്ഞു. ഹർജിയോടൊപ്പം ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോകളും കോടതിക്ക് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്.
Content Highlights: case filed against twitter, WhatsApp, TikTok over anti-national messages