ടിക്ടോക്കിനും വീ ചാറ്റിനും എതിരെയുള്ള നിയമനടപടി ജോ ബൈഡന്‍ നിര്‍ത്തിവെച്ചു

അമേരിക്കയില്‍ നിരോധന ഭീഷണി നേരിട്ട ചൈനീസ് ആപ്പുകളായ വീചാറ്റിനും ടിക്ടോക്കിനും എതിരെയുള്ള നിയമ നടപടി നിര്‍ത്തിവെച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഇരു ആപ്പുകളും യഥാര്‍ത്ഥത്തില്‍ രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്നതില്‍ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് കാണിച്ചാണ് ബൈഡന്‍ ഭരണകൂടം ട്രംപ് ആരംഭിച്ച നടപടികള്‍ നിര്‍ത്തിവെച്ചത്. ഇതോടെ രണ്ട് ആപ്പുകള്‍ക്കും അമേരിക്കയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവും.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്‌ ഈ രണ്ട് ആപ്പുകള്‍ക്കുമെതിരെ നിരോധന നടപടികള്‍ തുടങ്ങിയത്.  നിരോധന നീക്കങ്ങള്‍ക്കെതിരെ ഇരു കമ്പനികളും നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. നിരോധനം നേരിടുക അല്ലെങ്കില്‍ ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും അമേരിക്കന്‍ കമ്പനിയ്ക്ക് കൈമാറുക എന്ന മുന്നറിയിപ്പാണ് ട്രംപ് ടിക്ടോക്ക് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിന് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒറാക്കിള്‍, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളുമായി ബൈറ്റ്ഡാന്‍സ് ചര്‍ച്ച നടത്തിയിരുന്നു. 

content highlights: US President Joe Biden ‘pauses’ TikTok and WeChat bans