എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ നിർത്തലാക്കി ജോ ബെെഡൻ

യു.എസിൽ എച്ച് 1 ബി ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡൻറ് ജോ ബൈഡൻ വ്യാഴാഴ്ച നീക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31-ന് അവസാനിരിക്കെ പുതിയ ഉത്തരവൊന്നും ബൈ‍ഡൻ ഭരണകൂടം പുറത്തിറക്കാതായതോടെയാണ് നിയന്ത്രണങ്ങൾ അവസാനിച്ചത്. യു.എസ്. കമ്പനികൾക്ക് മറ്റുരാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരെ ജോലിക്കായി നിയോഗിക്കാൻ സഹായിക്കുന്നതാണ് എച്ച്-1 ബി വിസ.

എച്ച് 1 ബിക്കുപുറമേ എച്ച് 2 ബി, എൽ 1, ജെ 1 വിസകൾക്കുണ്ടായിരുന്ന വിലക്കുകളും മാറ്റി. പതിനായിരക്കണക്കിന് ഇന്ത്യൻ ഐ.ടി. പ്രൊഫഷണലുകൾക്ക് ഗുണകരമാകുന്നതാണ് തീരുമാനം. കഴിഞ്ഞവർഷം ജൂണിലാണ് യു.എസിലേക്കുള്ള തൊഴിലാളി വിസകൾ താത്കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഡിസംബർ 31-ന് നിയന്ത്രണത്തിന്റെ കാലാവധി നീട്ടുകയായിരുന്നു.

ശാസ്ത്ര, എൻജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ധരെ അമേരിക്കയിൽ ജോലിചെയ്യാൻ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ. ഹോട്ടൽ, നിർമാണ മേഖലകളിൽ തൊഴിലെടുക്കുന്നവർക്കാണ് എച്ച് 2 ബി വിസ നൽകുന്നത്. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ എൽ 1 വിസയും ഗവേഷകർ, പ്രൊഫസർമാർ എന്നിവർക്ക് ജെ 1 വിസയുമാണ് അനുവദിക്കുന്നത്. ട്രംപിന്റെ വിസാചട്ടങ്ങൾ ക്രൂരമാണെന്നും പുനഃപരിശോധിക്കുമെന്നും അധികാരമേറ്റതിനു പിന്നാലെ ബൈഡൻ വ്യക്തമാക്കിയിരുന്നു.

Content Highlights: Biden Allows H1-B Visa Ban to Expire