ട്രംപിന്റെ നയങ്ങള്‍ തിരുത്തി ബൈഡന്‍; ആദ്യ ദിനം ഒപ്പു വെയ്ക്കുന്നത് 15 എക്‌സിക്യൂട്ടിവ് ഉത്തരവുകളില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍ തിരുത്തല്‍ വരുത്തി ജോ ബൈഡന്‍. ആദ്യ ദിനത്തില്‍ തന്നെ ട്രംപിന്റെ നയങ്ങള്‍ തിരുത്തി 15 എക്‌സിക്യൂട്ടിവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പു വെയ്ക്കുന്നത്. ചരിത്രപരമായ നടപടികളിലേക്കാണ് ബൈഡന്‍ ആദ്യ ദിനത്തില്‍ കടന്നതെന്ന് നിയുക്ത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

പാരിസ് ഉടമ്പടിയില്‍ വീണ്ടും ചേരുന്നതുള്‍പ്പെടെ കുടിയേറ്റവുമായി ബന്ധപ്പെട്ട സമഗ്ര ബില്ലിലും തീര്‍പ്പാക്കാന്‍ ബൈഡന്‍ ഉത്തരവിറക്കി. അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടുവര്‍ഷത്തിനുള്ളില്‍ പൗരത്വം ലഭിക്കാന്‍ സാവകാശം നല്‍കുന്നതാണ് ബില്‍. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീന്‍ കാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടും. പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി. ജീവനക്കാര്‍ക്ക് ബില്‍ സഹായകമാകും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മാസ്‌ക് ഉപയോഗവും ബൈഡന്‍ കര്‍ശനമാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മുകാവരണം നിര്‍ബന്ധമാക്കാനാണ് ബൈഡന്റെ തീരുമാനം. ട്രംപ് അവസാനിപ്പിച്ച ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം തുടരാനും ബൈഡന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട ഉത്തരവുകള്‍
* ലോകാരോഗ്യസംഘടനയില്‍ വീണ്ടും ചേരും
* സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മുഖാവരണം            നിര്‍ബദ്ധമാക്കും
*മാര്‍ച്ച് 31 വരെ കുടിയൊഴിപ്പിക്കലിനും വസ്തു ഏറ്റെടുക്കുന്നതിനും മൊറട്ടോറിയം പ്രഖ്യാപിക്കും
*വിദ്യാര്‍ഥിവായ്പകളുടെ ഭാരം ലഘൂകരിക്കും
*പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും ചേരും
* മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ക്കെട്ടിന് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കും
*ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള സഞ്ചാരവിലക്കുകള്‍ അവസാനിപ്പിക്കും
* കുട്ടികളായിരിക്കെ അനധികൃതമായി യു.എസിലെത്തിയവരെ സംരക്ഷിക്കാനുള്ള ഡാക പദ്ധതി ശക്തിപ്പെടുത്തും.

Content Highlight: Biden to sign 15 Executive orders on his First day as President