കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഒരുകൂട്ടം ബിജെപി പ്രവർത്തകർ ഗോലി മാരോ മുദ്രാവാക്യം വിളിച്ചതിനെ അപലപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. കൊല്‍ക്കത്തയുടെ തെരുവുകളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയർന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും, ഇത് ക്ഷമിക്കാന്‍ ഡല്‍ഹിയല്ലെന്നും മമത പ്രതികരിച്ചു.
“കൊല്‍ക്കത്തയുടെ തെരുവുകളില്‍ ‘ഗോലി മാരോ…’ മുദ്രാവാക്യം ഉയർന്നതിനെതിരെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രയോഗങ്ങള്‍ ക്ഷമിക്കാന്‍ ഇത് ഡല്‍ഹിയല്ല, നിയമം അതിന്‍റെ വഴിക്ക് നീങ്ങും”. മമത പറഞ്ഞു. നിയമ വിരുദ്ധമായി എന്ത് പ്രവർത്തിച്ചാലും അതിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു. മുദ്രാവാക്യം വിളിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഇവർക്കെതിരെ കേസെടുത്തതായും മമതാ ബാനർജി പറഞ്ഞു.
ഡല്‍ഹി കലാപത്തെ ശക്തമായി വിമർശിച്ച മമതാ കലാപത്തെ വംശഹത്യയെന്ന് വിശേഷിപ്പിച്ചു. ഇത്രയേറെയാളുകള്‍ മരിച്ചതില്‍ ദുഃഖമുണ്ടെന്നും മമതാ ബാനർജി പറഞ്ഞു. കലാപം ആസൂത്രിതമാണെന്നും, ഡല്‍ഹി പൊലീസിനു മേല്‍ പൂർണ അധികാരം കേന്ദ്ര സർക്കാരിനാണെന്നും മമത കൂട്ടിച്ചേർത്തു. സി ആർ പി എഫും, സി ഐ എസ് എഫും, സൈന്യവും ഉണ്ടായിരുന്നിട്ടും ഇത്രയേറെ അനിഷ്ട സംഭവങ്ങള്‍ നടന്നോ എന്ന് മമത ചോദിച്ചു. 700 ലധികം ആളുകളെ കാണാതായതായും അവരെല്ലാം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായും മമത പറഞ്ഞു. ഗുജറാത്ത് മാതൃകയില്‍ ബിജെപി രാജ്യത്തുടനീളം കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനെയും മമത വിമർശിച്ചു.
ഡല്‍ഹിയിലെ കലാപങ്ങളില്‍ ഇരയായവർക്ക് ബംഗാളില്‍ അഭയം നല്‍കുമെന്നും മമത പറഞ്ഞു. രാജ്യസഭ എംപിയായ ഡെറെക് ഒ ബ്രിയണും, ലോക്സഭ എംപിയായ സുധീപ് ബന്ദ്യോപാധ്യയ്ക്കും ഇതു സംബന്ധിച്ച നിർദ്ദേശം മുഖ്യമന്ത്രി നല്‍കി.
content highlights: Bengal not Delhi, won’t tolerate ‘goli maaro…’ slogans: Mamata Banerjee