കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ചായ സത്കാരങ്ങളുടെ മാതൃകയിൽ ഗോമൂത്ര പാർട്ടി സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദു മഹാസഭ

Hindu Mahasabha organize gaumutra party to prevent coronavirus

കൊറോണ വൈറസ് രാജ്യത്തുടനീളം പടരുന്നത് തടയുന്നതിനായി ചായ സത്കാരങ്ങളുടെ മാതൃകയിൽ ഗോമൂത്ര പാർട്ടികൾ നടത്താനൊരുങ്ങി ഹിന്ദു മഹാസഭ തീരുമാനിച്ചതായി പ്രസിഡൻ്റ് ചക്രപാണി മഹാരാജ്. കൊറോണ വൈറസുമായി ബന്ധപെട്ട് ഇന്ത്യയിൽ ആറു കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഗോമൂത്രവും, ചാണക കേക്കും ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാൻ സാധിക്കുമെന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മഹാരാജ് വ്യക്തമാക്കി.

ചായ സത്കാരങ്ങൾ സംഘടിപ്പിക്കുന്നത് പോലെ ഓർഗാനിക് ഗോമൂത്ര പാർട്ടി സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അതിൽ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപെട്ട ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൊറോണയിൽ നിന്ന് എങ്ങനെ രക്ഷപെടാമെന്നുള്ള കാര്യം ആളുകളെ അറിയിക്കുമെന്നും മഹാരാജ് പറഞ്ഞു. പാർട്ടിക്കിടെ ആളുകൾക്ക് കുടിക്കുന്നതിനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകൾ തുറക്കും. ചാണക വറളി, ചാണകത്തിൽ നിന്നുണ്ടാക്കുന്ന അഗർബത്തി തുടങ്ങിയവയും ഉണ്ടാകും. അതിലൂടെ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കുമെന്നും അദ്ധേഹം പറഞ്ഞു. ഡൽഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടർന്ന് രാജ്യത്തുടനീളം ഇത്തരം പരിപാടികൾ സംഘടിപ്പിക്കും.

Content Highlights: Hindu Mahasabha organize gaumutra party to prevent coronavirus