കൊറോണ ബാധയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുകയാണ് തെലങ്കാനയിലെ ആയുഷ് വകുപ്പ്. കൊറോണ വെെറസ് രോഗത്തിനുള്ള പ്രതിരോധ മരുന്ന് എന്ന പേരിൽ സ്റ്റാൾ സംഘടിപ്പിച്ച് ഒരു ദിവസം ആയിരത്തിലധികം ആളുകൾക്കാണ് ആയുഷ് വകുപ്പ് മരുന്ന് വിതരണം ചെയ്യുന്നത്. ആഴ്സനിക് ആൽബ് 30 പി (Arsenic Alb 30 P) എന്ന മരുന്നാണ് വിതരണം ചെയ്തത്.
കേന്ദ്രത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് സ്റ്റാൾ സംഘടിപ്പിച്ചതെന്നും കൊറോണ വെെറസിനെ പ്രതിരോധിക്കാൻ ഈ മരുന്നിന് കഴിയുമെന്നും ആയുഷ് വകുപ്പ് അധികൃതർ പറഞ്ഞു. ദിവസവും ആറ് ഗുളികകൾ വീതം ആഹാരത്തിന് അരമണിക്കൂർ മുമ്പും ശേഷവും കഴിക്കണമെന്നാണ് നിർദ്ദേശം. ഒരു വയസിന് താഴെയുള്ള കുട്ടികൾ 3 ഗുളികകൾ വീതവും കഴിക്കണം.
ചൊവ്വാഴ്ച മാത്രമായി 2500 പേർക്കായി 11500 ഡോസുകൾ വിതരണം ചെയ്തു. സംസ്ഥാനത്തെ എല്ലാ ഡിസ്പെൻസറികളിലും വിതരണം ചെയ്യുമെന്ന് അധികൃതർ അറിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും മരുന്ന് കഴിഞ്ഞ മാസം മുതൽ വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കൊറോണക്ക് മാത്രമല്ല ഏത് തരം പകർച്ച വ്യാധിക്കും ഈ മരുന്ന് ഉപയോഗിക്കാവുന്നതാണെന്നും രോഗ പ്രതിരോധ ശക്തി വർദ്ദിപ്പിക്കുമെന്നും ഹോമിയോ ഡോക്ടർന്മാർ പറയുന്നു.
എന്നാൽ ഹോമിയോ മരുന്ന് വിതരണത്തിനെതിരെ സമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ഹോമിയോ മരുന്ന് വിതരണത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കൊറോണ വെെറസിന് പ്രതിരോധ മരുന്ന് ഇനിയും വികസിപ്പിച്ചിട്ടില്ലെന്ന് ലോക ആരോഗ്യ സംഘടന വരെ വ്യക്തമാക്കിയിട്ടും മരുന്ന് വിതരണം തുടരുകയാണ് ആയുഷ് വകുപ്പ്.
content highlights: Telangana’s AYUSH dept distributes homeopathy medicine for coronavirus