ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് നിയമസഭയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ സൂചകമായി മുദ്രാവാക്യങ്ങളുയർത്തിയത്.
ഡല്‍ഹി കലാപത്തിന് ഇരയാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരവും, സംഭവത്തില്‍ സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവർ 267-ാം നിയമപ്രകാരം സസ്പെൻഷൻ ഓഫ് ബിസിനസ് നോട്ടീസ് രാജ്യസഭയില്‍ നല്‍കിയിരുന്നു. സമാജ്വാദി പാർട്ടി നേതാക്കളായ റാം ഗോപാല്‍ യാദവ്, ജാവേദ് അലി ഖാൻ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.
ആയുധ നിയമപ്രകാരമുള്ള 41 കേസുകളടക്കം 254 എഫ്ഐആറുകളാണ് സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഇതുവരെ ഫയല്‍ ചെയ്തിരിക്കുന്നത്. 903 പേരെ അറസ്റ്റ് ചെയിതിട്ടുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ഡല്‍ഹി പൊലീസിന്റെ ചുമതലയിലുള്ള ക്രൈംബ്രാഞ്ചിനു കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കലാപത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം വീതവും, പൂർണമായി അംഗഭംഗം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും, ഗുരുതരമായ പരിക്കുകൾക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കിന് 20,000 രൂപയും നൽകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Opposition protest in Parliament on Delhi Riot