ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിനു മേല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിന് പിന്നാലെ, ഓഹരി വിപണിയില്‍ വൻ തകർച്ച നേരിട്ട് യെസ് ബാങ്ക്. ഇന്നലെയോടെ ഓഹരികള്‍ കുത്തനെ ഇടിയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലയിലെ ബാങ്കിനെ 30 ദിവസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയാണ് ആർബിഐ നിയന്ത്രണ വിധേയമാക്കിയത്.
ബാങ്കിനെ നഷ്ടത്തില്‍ നിന്ന് കരകയറ്റാൻ എസ്ബിഐയുടെ മുൻ സിഎഫ്ഒ പ്രശാന്ത് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. 2020 മെയ് 29 മുതൽ ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിൽ കൈമാറ്റം നടത്താൻ യെസ് ബാങ്കിൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് & ഒ) കരാറുകളൊന്നും ലഭ്യമാകില്ലെന്നതും നിക്ഷേപകർക്ക് തിരിച്ചടിയായി. അതേസമയം, എസ്ബിഐ ചീഫിന് പിന്നാലെ ധനമന്ത്രിയെ സെബി ചെയർമാൻ കാണാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ബാങ്കില്‍ നിന്ന് പിൻ വലിക്കാവുന്ന തുക 50,000 ആയി പരിമിതപ്പെടുത്തിയതോടെ യെസ് ബാങ്ക് എടിഎമ്മുകളില്‍ ഉപഭോക്താക്കളുടെ വൻ തിരക്കാണ്. നിര്‍ദിഷ്ട തീയതിക്കകം പുതിയ പദ്ധതി റിസര്‍വ് ബാങ്ക് നടപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കില്‍ പുനഃസംഘടനയുണ്ടാകുമെന്നും ആര്.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: Yes Bank Crisis. Shares fall down