കള്ളപ്പണം വെളുപ്പിക്കല്‍: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്‍റെ വസതിയില്‍ ഇഡിയുടെ റെയ്ഡ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസസുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്‍റെ വീട്ടില്‍ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സമുദ്ര മഹല്‍ വസതിയിലാണ് റെയ്ഡ്. കപൂറിനെ ഇഡി സംഘം വീട്ടില്‍ തന്നെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ ഇവ കൈവശം സൂക്ഷിക്കല്‍ എന്നീ നിയമത്തിന് കീഴിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന് വ്യ്പ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുള്ള കപൂറിന്‍റെ പങ്കും കേന്ദ്ര ഏജൻസി പരിശോധിക്കും. മറ്റ് ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണവും നടത്തുമെന്ന് ഏജൻസി അറിയിച്ചു.

വ്യാഴാഴ്ച്ച രാത്രിയോടെയാണ് സാമ്പത്തിക പ്രതിസന്ധി നേരിട്ട സ്വകാര്യ ബാങ്കായ യെസ് ബാങ്കിനു മേല്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊറട്ടോറിയം പ്രഖ്യാപിച്ചത്. അക്കൌണ്ടില്‍ നിന്ന് പിൻവലിക്കാവുന്ന തുക 50,000 ആക്കി ചുരുക്കുകയും ചെയ്തിരുന്നു.

റിസർവ് ബാങ്കിന്റെ കരട് പുനർനിർമ്മാണ പദ്ധതി പ്രകാരം പ്രതിസന്ധിയിലായ യെസ് ബാങ്കിലെ 49 ശതമാനം ഓഹരികൾ സർക്കാർ അംഗീകരിച്ച ബെയ്‌ൽ ഔട്ട് പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുക്കാനും തീരുമാനമായിട്ടുണ്ട്.

Content Highlight: ED conduct raid on Yes Bank Founder Rana Kapoor’s home