കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു: കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉള്‍പ്പെടുത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം തയാറാക്കിയത്.

ബിനീഷിനെ അറസ്റ്റ് ചെയ്ത് അറുപത് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കുറ്റപത്രം നല്‍കുന്നത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളുരു സിറ്റി സെഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിനീഷ്. അതിനിടയിലാണ് ഇ.ഡി നിര്‍ണായക നീക്കം നടത്തുന്നത്.

ഒക്ടോബര്‍ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിനീഷ് നല്‍കിയ മറ്റൊരു ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി.

Content Highlight: ED submit charge sheet against Bineesh Kodiyeri