ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ല; സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം: തുടര്‍ച്ചയായി ആരോഗ്യപരമായ കാരണങ്ങള്‍ നിരത്തുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. എന്നാല്‍ രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ വിലയിരുത്തിയത്.അതുകൊണ്ടുതന്നെ ഇന്നത്തെ യോഗം രവീന്ദ്രന് നിര്‍ണായകമാകും. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗവും ഇന്ന് രവീന്ദ്രനെ പരിശോധിക്കും.

അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കത്തയച്ചിരുന്നു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം. ആരോഗ്യപരമായ കാരണങ്ങളാണ് സിഎം രവീന്ദ്രന്‍ കത്തില്‍ പറയുന്നത്. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇമെയില്‍ സന്ദേശം ആണ് രവീന്ദ്രന്‍ ഇഡിക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സിഎം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ സമീപിക്കുന്നത്.

Content Highlight: Medical Board to discuss Health Condition of CM Raveendran