ഫലം നെഗറ്റീവ്; പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ ഇല്ല

പത്തനംതിട്ട: ജില്ലയിൽ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന അഞ്ച് പേർക്ക് വൈറസ് ബാധയില്ല. ഇവരുടെ പരിശോധന ഫലം വന്നതിനു പിന്നാലെ ജില്ലാ കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കാനാണ് തീരുമാനം. ജില്ലയില്‍ ഓഡിറ്റോറിയങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

അതേസമയം, കൊവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 30 ആയി ഉയർന്നിട്ടുണ്ട്. പലയിടങ്ങളിലും ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണ സാധനവും കുടിവെള്ളവും എത്തിക്കാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു.

നിരീക്ഷണത്തിൽ തുടരാൻ തയ്യാറാകാത്തവർക്കെതിരെ പോലീസിനെ ഉപയോഗപ്പെടുത്താനും തീരുമാനമുണ്ട്. രാജ്യത്ത് ആകെ 60 കൊറോണ വൈറസ് രോഗികളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്.

Content Highlight: 5 test negative in Pathanamthitta