കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇൻ്റർനെറ്റ് ബാൻഡ് വിഡ്ത്ത് 40 ശതമാനമായി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. അടിയന്തര സാഹചര്യം കണക്കാക്കി ഇൻ്റർനെറ്റ് തടസമില്ലാതെ ലഭ്യമാക്കാൻ 30 മുതൽ 40 ശതമാനം വരെ നെറ്റ് വർക്ക് ക്ഷമത വർധിപ്പിക്കാൻ കഴിയുമെന്ന് ടെലികോം സേവനദാതാക്കൾ സർക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യം നേരിടുവാൻ പൂർണമായും സജ്ജമാണെന്നും ടെലികോം സേവനദാതാക്കൾ വ്യക്തമാക്കി.
ഇലക്ട്രോണിക്‌സ് ആന്‍ഡ് വിവര സാങ്കേതികവിദ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരളത്തിലെ വിവിധ ടെലികോം സേവന ദാതാക്കളും കേന്ദ്ര സര്‍ക്കാരിൻ്റെ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് പ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.
കേരളത്തിലെ ഇൻ്റർനെറ്റ് ഉപഭോഗത്തിൻ്റെ ബഹുഭൂരിപക്ഷവും തദ്ദേശീയമായ സെർവറുകൾ വഴി തന്നെ ലഭ്യമാക്കിയിട്ടുള്ളതാണ്. മാത്രമല്ല അന്തർദേശീയ ഇൻ്റർനെറ്റ് ട്രാഫിക് മൊത്തം ഉപഭോഗത്തിൻ്റെ വളരെ കുറഞ്ഞ അളവിൽ മാത്രമാണുള്ളത്. ഇൻ്റർനെറ്റ് ഉപഭോഗത്തിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധന കാരണം ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്ന ലഭ്യതക്കുറവുമായി ബന്ധപ്പെട്ട പരാതികൾ ടെലികോം സേവന ദാതാക്കളുടെ പരാതി പരിഹാര നമ്പറിലോ കേരള സർക്കാർ കാൾസെൻ്റർ നമ്പരായ 155300 ത്തിലോ അറിയിക്കാവുന്നതാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.ടി.വകുപ്പ് വിവിധ ടെലികോം സേവന ദാതാക്കളിൽ നിന്നും ദൈനംദിന റിപ്പോർട്ടും ആവശ്യപ്പെടും.
content highlights: COVID-19 impact: Internet providers in Kerala to increase speed by 30-40%