പത്തനംതിട്ടയിൽ 10 പേരുടെ ഫലം നെഗറ്റീവ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ

പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ട് ഐസൊലേറ്റ് ചെയ്തിരുന്ന 33 പേരിൽ 10 പേർക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം. ജില്ലാ കളക്ടർ പി ബി നൂഹ് ആണ് പരിശോധനാഫലം മാധ്യമങ്ങളെ അറിയിച്ചത്. കൂടാതെ, ഐസൊലേഷൻ വാർഡിൽ നിന്ന് ഓടിപ്പോയ വ്യക്തിക്കും കൊറോണയില്ലായിരുന്നെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പത്തനംതിട്ടയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും കളക്ടർ വ്യക്തമാക്കി.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതായി അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള 12 ഫലങ്ങള്‍ കൂടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതിനിടെ, വിദേശത്തുനിന്ന് എത്തിയ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന യുവാവിന്റെ പിതാവ് തിരുവല്ലയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങള്‍ ഇല്ല. മരിച്ചയാള്‍ക്ക് സെപ്റ്റിസീമിയ എന്ന രോഗാവസ്ഥയായിരുന്നുവെന്നാണ് പരിശോധനാ ഫലങ്ങളില്‍ പറയുന്നത്.

Content Highlight: 10 corona cases from Pathanamthitta test negetive