രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം; സത്യപ്രതിജ്ഞ നാളെ ; എതിര്‍ത്ത് ഹര്‍ജി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം അദ്ദേഹത്തിന് രാജ്യസഭാംഗത്വം നല്‍കുന്നതിനെതിരെ സൂപ്രീം കോടതിയില്‍തന്നെ ഹര്‍ജിയെത്തി. രാജ്യസഭാ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസിയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്.

സാമൂഹ്യപ്രവര്‍ത്തകയായ മധു കിഷ്‌വാറാണ് ചീഫ് ജസ്റ്റിസിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യുന്നതിനെതിരെ ഹര്‍ജി നല്‍കിയത്. രാഷ്ട്രപതിയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. രാഷ്ട്രീയത്തിന്റെ നിറമുള്ള നിയമനമെന്നാണ് ഹര്‍ജിയില്‍ നിയമനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. വിരമിച്ച് ഏതാനും മാസങ്ങള്‍ക്കുള്‌ളില്‍ ഇപ്രകാരം ഒരു നിയമനം നടത്തുന്നത് അദ്ദേഹത്തിന്റെ വിധിപ്രസ്താവങ്ങളെ പോലും സംശയത്തിന്റെ നിഴലിലാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

ജൂഡീഷ്യറിയുടെ സ്വാതന്ത്രത്തെ ബാധിക്കുന്ന ഇത്തരം നടപടികള്‍ ജനാധിപത്യത്തിന്റ തൂണുകള്‍ക്ക് ഭൂഷണമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വിരമിച്ച ശേഷം ഇത്തരം പദവികള്‍ സ്വീകരിക്കുന്നത് ജുഡീഷ്യറിയുടെ അധികാരത്തിനു മേലുള്ള മുറിപാടാണെന്ന് മുമ്പ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്നെ നടത്തിയ പരാമര്‍ശവും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു

രാമജന്മഭൂമി സംബന്ധിച്ച കേസ്, സ്വവര്‍ഗലൈംഗികത സംബന്ധിച്ച കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം തുടങ്ങി സുപ്രധാന വിധിന്യായങ്ങള്‍ ഉണ്ടായ കേസുകളില്‍ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചിരുന്നു. സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ സഹായിക്കുന്ന അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിനുവേണ്ട നിയമപരമായ നീക്കങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്തവും രഞ്ജന്‍ ഗോഗോയ്ക്കായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here