നിര്‍ഭയ കേസ്; നിയമവഴികള്‍ എല്ലാം അടഞ്ഞു; വധശിക്ഷ നാളെ നടപ്പിലാക്കും

നിയമത്തിലെ അവസാന വഴികളും അടഞ്ഞതോടെ നിര്‍ഭയ കേസിലെ 4 പ്രതികളുടെ വധശിക്ഷ ഇനി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പിലാകും. നാളെ പുലര്‍ച്ചെ 5.30 ന് തീഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കുക.

ഇത് മൂന്നാം തവണയാണ് കോടതി ഇവര്‍ക്ക് മരണവാറണ്ട് പുറപെടുവിക്കുന്നത്. നിയമനടപടികള്‍ നടന്നുകൊണ്ടിരുന്നതിനാലും പ്രതികളില്‍ ചിലരുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയില്‍ ഇരുന്നതിനാലുമാണ് ഇത്. സംഭവം നടക്കുമ്പോള്‍ താന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നെന്ന പ്രതി മുകേഷ് സിങ്ങിന്റെ അവസാനത്തെ ഹര്‍ജി സുപ്രീം കോടതി തള്ളിയത് ഇന്നലെയാണ്. പ്രതി അക്ഷയ് കുമാര്‍ രണ്ടാം തവണ സമര്‍പ്പിച്ച ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. വധശിക്ഷ സ്റ്റേ ചെയ്യാന്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഡല്‍ഹി കോടതി തള്ളി.

ഒരു ബലാത്സംഗകേസിലെ പ്രതിയുടെ ഭാര്യ എന്ന് അറിയപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ട് പ്രതി അക്ഷയ് കുമാറിന്റെ ഭാര്യ ബീഹാര്‍ കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

നിര്‍ഭയ കേസിലെ പെണ്‍കുട്ടി ബസിനുള്ളില്‍ വച്ച് ക്രൂര പീഡനത്തിനിരയായി മരിച്ചത് 7 വര്‍ഷം മുമ്പാണ്. മുകേഷ് സിങ്ങ് (32) പവന്‍ ഗുപ്ത (25) വിനയ് ശര്‍മ്മ (26) അക്ഷയ് കുമാര്‍ സിങ്ങ് (31) എന്നീ പ്രതികളുടെ വധശിക്ഷയാണ് നാളെ നടപ്പിലാക്കുക. കേസിലെ മറ്റൊരു പ്രതിയായ റാം സിങ്ങ് 2013 ല്‍ തീഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015 ല്‍ ജുവനൈല്‍ ഹോമില്‍നിന്ന് പുറത്തിറങ്ങി.