സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 434 മരണം; ജന സഞ്ചാരം പൂര്‍ണമായി വിലക്കി യൂറോപ്യന്‍ രാജ്യങ്ങള്‍

കൊവിഡ് 19 വ്യാപനം രൂക്ഷമായതോടെ ജന സഞ്ചാരം പൂര്‍ണമായി വിലക്കി യൂറോപ്യന്‍ രാജ്യങ്ങള്‍. ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. മരണ സംഖ്യ ഉയരുന്നതാണ് ഇവര്‍ക്ക് തിരിച്ചടിയാകുന്നത്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 434 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ മരണം 5500 ആയി ഉയര്‍ന്നു.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന് ശേഷം ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. ഇറാനിയും സ്ഥിതി മോശമാമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍ ലക്ഷത്തിനടുത്ത് രോഗികള്‍ ഇറാനിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നി രാജ്യങ്ങള്‍ക്ക് പിന്നാലെ ഗ്രീസും ഇന്നലെ മുതല്‍ ലോക്കഡൗണിലേക്ക് മാറി.

192 രാജ്യങ്ങളിലായി നിലവില്‍ മൂന്നര ലക്ഷത്തിലേറെ രോഗികളുണ്ട്. ഒരു ലക്ഷം പേര്‍ക്കാണ് രോഗം ഭേദമായത്. യുഎസിലെ വിവിധ സംസ്ഥാനങ്ങള്‍ മുന്‍കരുതലുകളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചു. യുഎസ് ജനസംഖ്യയുടെ മൂന്നിലൊന്ന് വീടിനകത്താണെന്നാണ് റിപ്പോര്‍ട്ട്.

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇറ്റലിക്കൊപ്പം തന്നെ ബ്രിട്ടനും എത്തുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പക്ഷം. സമ്പര്‍ക്ക വിലക്ക് പാലിക്കുന്നില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബ്രിട്ടനില്‍ ഇതുവരെ 281 പേരാണ് മരിച്ചത്. അതേസമയം, ചൈനയില്‍ രോഗികളുടെ എണ്ണം കുറഞ്ഞു. പുറത്തു നിന്നു വരുന്നവരെ തടയാന്‍ ബെയ്ജിങ്ങില്‍ കര്‍ശന നിയന്തരണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത 39 കേസുകളും പുറത്തു നിന്നു വന്നവയെന്ന ആശ്വാസത്തിലാണ് ചൈന.

കര്‍ശന നിയന്ത്രണങ്ങള്‍ക്കും സമ്പര്‍ക്ക വിലക്കിനും മാത്രമേ കൊറോണയെ പ്രതിരോധിക്കാനാവൂ എന്ന സാഹചര്യത്തിലാണ് വിലക്കുകളുമായി മുന്നോട്ട് പോകാനുള്ള ലോകരാജ്യങ്ങളുടെ തീരുമാനം.

Content highlight: 434 Deaths in Spain in a span of 24 hours.