സാമൂഹിക അകലം പാലിക്കുന്നതിലുടെ 62 ശതമാനം കൊറോണ വ്യാപനം കുറച്ചുകൊണ്ട് വരാൻ കഴിയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിൽ പറയുന്നു. ഒപ്പം തന്നെ രോഗ ലക്ഷണങ്ങളോട് കൂടി മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ മൂന്നു ദിവസത്തെ സ്ക്രീനിംഗിന് പകരം മൂന്ന് ആഴ്ച നീരിക്ഷണത്തിൽ വയ്ക്കണമെന്നും പഠനം നിർദ്ദേശിക്കുന്നു. ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് പഠനം പ്രസിദ്ധീകരിച്ചത്.
ഫലപ്രദമായ സാമുഹിക അകലവും ഐസലേഷനും കൃത്യമായി പാലിക്കപ്പെടുകയാണെങ്കിൽ രോഗം വ്യാപിക്കാനുള്ള സാധ്യത കുറച്ചുകൊണ്ടു വരാൻ കഴിയും. വൈറല്‍ അണുബാധ പടരാതിരിക്കാനുള്ള പ്രധാന മാര്‍ഗ്ഗം ആളുകളുടെ ഇടപഴകലിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ്. കൂടാതെ രോഗം പിടിപെട്ടവരുമായോ അല്ലെങ്കില്‍ അതിൻ്റെ ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായോ സമ്പര്‍ക്കം പുലര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം. ഡല്‍ഹി, മുംബൈ, ബെംഗളുരു, കൊല്‍ക്കത്ത തുടങ്ങിയ നാല് ഇന്ത്യന്‍ നഗരങ്ങളിൽ കൊറോണ വ്യാപനം വലിയ തോതിൽ സംഭവിക്കാമെന്നും പഠനം പറയുന്നു.
സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് തന്നെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളും ലോക്ക് ഡൌൺ നടപ്പാക്കിയിട്ടുണ്ട്. തമിഴ്നാട്, കർണാടക അതിർത്തികൾ അടച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 2020 ഫെബ്രുവരി 28 ന് ഇന്ത്യയിൽ ആക്ടീവായ കൊവിഡ് കേസുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഫെബ്രുവരി 20തോട് കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്ത മൂന്ന് രോഗികൾ കൊവിഡിൽ നിന്ന് മുക്തി നേടിയിരുന്നു. എന്നാൽ മാർച്ച് 9 തോട് കൂടി ഇന്ത്യയിൽ കോവിഡ് കേസുകൾ 44 ആവുകയും മാർച്ച് 24 ന് അത് 500 ആയി ഉയരുകയും ചെയ്തു.
content highlights: ‘Strict social distancing’ can reduce coronavirus cases by 62%: ICMR