‘ചൈനീസ് വൈറസ്’എന്ന വിശേഷണം തെറ്റ്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജി റോങ്

ന്യൂഡല്‍ഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ്. കൊറോണ വൈറസിനെ ചൈന സൃഷ്ടിച്ചതാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ പ്രസ്താവനകളെ ജി റോങ് തള്ളി. കൊറോണ വൈറസിനെ സൃഷ്ടിക്കുകയോ, മനപ്പൂര്‍വം ലോകത്തെമ്പാടും വൈറസ് പരത്താന്‍ ശ്രമിക്കുകയോ ചൈന ചെയ്തിട്ടില്ലെന്ന് ജി റോങ് പറഞ്ഞു. ‘ചൈനീസ് വൈറസ്’, ‘വുഹാന്‍ വൈറസ്’ തുടങ്ങിയ വിശേഷണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് കൊറോണ വൈറസിനോടുള്ള ചൈനയുടെ അതിവേഗ പ്രതികരണത്തെയാണ്. വൈറസിന്റെ പേരില്‍ ചൈനയെ കുറ്റപ്പെടുത്താതെ അതിനെതിരെ അതിവേഗം പോരാടുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ചൈന ഇന്ത്യയ്ക്കൊപ്പം നില്‍ക്കും. ഇന്ത്യയുമായി എല്ലാ തരത്തിലും സഹകരിക്കും. ഇപ്പോള്‍ തന്നെ ഇരുരാജ്യങ്ങളും ആശയവിനിമയം തുടരുന്നുണ്ട്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. ഇന്ത്യയുടെ സഹകരണത്തിനു ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു,” ജി റോങ് പറഞ്ഞു.

കൊറോണ വൈറസിനെ ചൈനയുമായി ബന്ധപ്പെടുത്തി പറഞ്ഞതിനെതിരെ ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിരുന്നു. വൈറസിനെ ചൈനയും വുഹാനുമായി ചേര്‍ത്തു പറയരുതെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിരുന്നു. വൈറസ് വ്യാപനമുണ്ടായപ്പോള്‍ തന്നെ അത് ലോക രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാന്‍ ചൈനയിലെ ആരോഗ്യരംഗം കഷ്ടപ്പെട്ടതു മറക്കരുതെന്ന് ലോകാര്യോഗസംഘടന ഓര്‍മിപ്പിച്ചിരുന്നു. വുഹാനിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ചൈനയാണ് വൈറസിന്റെ ഉറവിടമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ്-19 നെ ‘ചൈനീസ് വൈറസ്’ എന്നു ട്രംപ് വിശേഷിപ്പിച്ചത് നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിനു പിന്നാലെ യുഎസ് മാധ്യമങ്ങളെ ചൈന വിലക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. പ്രമുഖ യുഎസ് മാധ്യമങ്ങളായ ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, വാള്‍ പോസ്റ്റ് എന്നിവയെയാണ് ചൈന വിലക്കിയത്. ”വൈറസ് ചൈനയില്‍ നിന്നാണ് വന്നത്. ഇതില്‍ നിന്നു തന്നെ കാര്യം കൃത്യമാണ്.” ഇതായിരുന്നു ട്രംപിന്റെ വിവാദ പരാര്‍മശം.

Content Highlight: Chinese Embassy Spokesperson in reply to the comment Chinese Virus