കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ നേതാവിന്റെ പ്രാഥമിക പട്ടികയിലുള്ള 24 പേരുടെ ഫലം നെഗറ്റീവ്

തൊടുപുഴ: കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശോധനാ ഫലം വന്നു. 24 പേരുടെ ഫലം നെഗറ്റീവ്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. 48 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയാല്‍ മാത്രമേ കൊവിഡ് ഇല്ല എന്നു സ്ഥിരീകരിക്കാനാവൂ.

മൂന്നാമത്തെ ഫലം തിങ്കളാഴ്ച അറിയാനാവുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കഴിഞ്ഞ 24ന് ആണ് ഇദ്ദേഹത്തിന്റെ ആദ്യ സാംപിള്‍ ശേഖരിച്ചത്. ഇതില്‍ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 28ന് ശേഖരിച്ച സാംപിള്‍ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

അതേസമയം നേതാവിന് എവിടെനിന്നാണു രോഗം പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല. പെരുമ്പാവൂരിലുള്ള സുഹൃത്തില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണു ജില്ലാ ഭരണകൂടത്തിനു ലഭിച്ച സൂചന. ഇതു സ്ഥിരീകരിട്ടില്ല. ഇദ്ദേഹവുമായി അടുത്തിടപഴകിയ ഇടുക്കി ജില്ലയിലെ 500ല്‍പരം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

Content Highlight: Corona tests negative for 24 in Primary contact with the Congress leader in Idukki who test positive