രാജ്യത്തെ ലോക്ക്ഡൗൺ നീട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതം; കേന്ദ്ര സർക്കാർ

No plan of extending coronavirus lockdown, says Cabinet Secretary

കോറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നടപ്പാക്കിയ 21 ദിവസത്തെ ലോക്ക്ഡൗൺ നീട്ടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ​ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ നീട്ടുന്നതിനെ പറ്റി ഒരു ആലോചനയും കേന്ദ്ര സർക്കാർ ഇതുവരെ നടത്തിയിട്ടില്ലെന്നും ഇത്തരം വ്യാജ വാർത്തകൾ കേൾക്കുമ്പോൾ ആശ്ചര്യം തോന്നുകയാണെന്നും രാജീവ് ​ഗൗബ പറഞ്ഞു. 

ചൈനയിലേതിന് സമാനമായി കൂടുതൽ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗൺ നീക്കിയേക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജനങ്ങൾ ആകുലപ്പെടേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.  

ലോക്ക് ഡൗൺ കാലയളവിൽ ജനങ്ങൾക്കുള്ള സൗകര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഒരു രോഗത്തിനെതിരായ പോരാട്ടമാണിതെന്നും ഈ സമയത്ത് ആശങ്കയല്ല, മറിച്ച് കരുതലാണ് വേണ്ടതെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു. കൊവിഡ് വെെറസ് വ്യാപനം നിയന്ത്രിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക്ഡൊൺ പ്രഖ്യാപിച്ചത്. അത് കൃത്യമായി പാലിക്കുകയും വീടുകളിൽ തന്നെ തുടരുകയുമാണ് വേണ്ടതെന്ന് രാജീവ് ​ഗൗബ വ്യക്തമാക്കി. 

content highlights: No plan of extending coronavirus lockdown, says Cabinet Secretary