തമിഴ്നാട്ടിൽ ഇന്ന് മാത്രം 74 കൊവിഡ് കേസുകൾ; രോഗബാധിതർ 480 കടന്നു

74 new cases in Tamil Nadu, state total now 485

തമിഴ്നാട്ടിൽ ഇന്ന് 74 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണെന്ന് തമിഴ്നാട് ഹെല്‍ത്ത് സെക്രട്ടറി ഡോ: ബീല രാജേഷ് പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ കണക്ക് പ്രകാരം 501 പേര്‍ മാത്രമാണ് തബ്‌ലീഗ് സമ്മേളനത്തില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയത്. എന്നാല്‍ തമിഴ്നാട് ഗവണ്‍മെൻ്റ് പുറത്തുവിട്ട കണക്കിൽ  1500 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിൽ 1135 പേര്‍ തിരികെ തമിഴ്നാട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. 

നിലവില്‍ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയ 1200 പേരെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 18 നാണ് ഈ സംഘം തമിഴ്നാട്ടില്‍ തിരികെ എത്തിയത്. ഭൂരിപക്ഷം പേരും ട്രെയിന്‍ മാര്‍ഗമാണ് ഡല്‍ഹിയില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയത്. സമ്മേളനത്തില്‍ പങ്കെടുത്ത 4 ഇന്തോനേഷ്യന്‍ പൗരന്മാരും തമിഴ്നാട്ടില്‍ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയ ആളുകളുടെ യാത്രകളും സമ്പര്‍ക്കങ്ങളും നിലവില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം തമിഴ്നാട്ടിൽ സമൂഹ്യവ്യാപനം നടന്നിരിക്കുമെന്ന ആശങ്ക ആരോഗ്യ പ്രവർത്തകർ പ്രകടിപ്പിക്കുന്നുണ്ട്. 

content highlights: 74 new cases in Tamil Nadu, state total now 485