കൊവിഡ് 19 ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലെ ലോക്ഡൗണ്‍ പിൻവലിച്ചു. ഇതോടെ 76 ദിവസം നീണ്ടുനിന്ന അടച്ചിടലിന് അവസാനം കുറിച്ചു. ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ നഗരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചു. തുടർന്ന് 65000 പേർ വുഹാനില്‍ നിന്നും ട്രെയിനുകളിലും വിമാനങ്ങളിലുമായി നഗരം വിട്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ചൈനയിലെ കൊവിഡ് മരണങ്ങളില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വുഹാനില്‍ നിന്നാണ്. 2571 പേരാണ് വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു കോടിയിലേറെ വരുന്നതാണ് വുഹാനിലെ ജനസംഖ്യ. ഇവിടെ ജീവിതം സാധാരണ അവസ്ഥയിലേക്ക് എത്താന്‍ നീണ്ട കാലമെടുക്കുമെന്നാണ് ചെെനീസ് ഭരണകൂടം വ്യക്തമാക്കുന്നത്. കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും കൊവിഡ് ഇപ്പോഴും ചെെനയിൽ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ ഏഴിന് രോഗലക്ഷണങ്ങളില്ലാതെ 137 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചെങ്കിലും വുഹാനിലെ ആരോഗ്യ പരിശോധനകള്‍ മുടക്കില്ലാതെ തന്നെ തുടരുന്നുണ്ട്.
content highlights: China’s Wuhan ends coronavirus lockdown but concerns remain