കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് കെഎംസിസി; ഹെെക്കോടതിയിൽ ഹർജി

dubai kmcc plea on high court to move nri to India

യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനയായ ദുബൈ കെഎംസിസി ഹൈക്കോടതിയിൽ ഹർജി നൽകി. ഇവരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ അനുമതി നല്‍കണമെന്നും തിരികെയെത്തിക്കുന്നവരെ ക്വാറൻ്റെെൻ ചെയ്യാനും ചികിത്സ നല്‍കാനും നടപടിവേണമെന്നുമാണ് ഹർജിയിലെ ആവശ്യം. വിദേശകാര്യമന്ത്രിക്കും ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയ കെഎംസിസി സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങളാണ് ഇവർക്ക് ലംഘിക്കപ്പെട്ടതെന്നും ഹർജിയിൽ പറയുന്നു. 

മറ്റ് വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ മാതൃകയാവണമെന്നും ജോലിയും ഭക്ഷണവുമില്ലാതെ ലേബര്‍ ക്യാമ്പുകളിലടക്കം കുടുങ്ങിക്കിടക്കുന്നവരെ അടിയന്തരമായി നാട്ടില്‍ എത്തിക്കാന്‍ കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ഗള്‍ഫിലെ പ്രവാസി മലയാളികള്‍. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരിൽ വൈറസ് വ്യാപനത്തിലുള്ള സാധ്യത കൂടിവരികയാണ്. കുവൈത്തും യു.എ.ഇയും ഇന്ത്യയിലേക്ക് വിമാനസര്‍വീസ് നടത്താന്‍ തയ്യാറായിട്ടും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കുവൈത്തില്‍ ഇന്ത്യക്കാരായ രോഗികളുടെ എണ്ണം മൂന്നൂറ് കടന്നു.

content highlights: dubai kmcc plea on high court to move nri to India