വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് എതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രെയേസസ് അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാവരും ഒരുമിച്ച് നില്‍ക്കാനും ഡബ്ല്യൂഎച്ച്ഒ തലവന്‍ ആവശ്യപ്പെട്ടു.
ആളുകള്‍ മരിച്ച് വീണുകൊണ്ടിരിക്കുകയാണ്. ആളുകള്‍ മരിച്ച് കൊണ്ടിരിക്കുമ്പോള്‍ താനെന്തിന് ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് വേവലാതിപ്പെടണം. ഇപ്പോള്‍ തന്നെ 60,000 പേര് മരിച്ച് കഴിഞ്ഞു. 1.3 മില്യണില്‍ അധികം ആളുകള്‍ക്ക് രോഗബാധയുണ്ട്. ഇനിയും രാഷ്ട്രീയവത്ക്കരണത്തിനാണ് ശ്രമമെങ്കില്‍ മരണം തുടരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയോട് എന്നല്ല ഒരു രാജ്യത്തോടും ലോകാരോഗ്യ സംഘടനയ്ക്ക് പ്രത്യേക താല്പര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയും അമേരിക്കയും ഈ ഘട്ടത്തില്‍ ആത്മാര്‍ത്ഥമായ നേതൃത്വം കാണിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കുളള സാമ്പത്തിക സഹായം നിര്‍ത്തില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പക്ഷപാതിത്വം ഉണ്ട് എന്നാണ് ട്രംപ് ആരോപിച്ചത്. അതിനാല്‍ അമേരിക്ക നല്കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തി വെക്കുമെന്നും ട്രംപ് ഭീഷണി മുഴക്കുകയുണ്ടായി. അമേരിക്ക അടക്കമുളള ലോകാരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെ കുറിച്ചുളള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
Content Highlight: WHO replies to Donald Trump on his comment against World Health Organisation