വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വെെറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ഐ.സി.എം.ആർ

virus found in bats are not causing covid says ICMR

കേരളം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ഗവേഷകർ. കോവിഡിനു കാരണമായ സാർസ്–കോവ് 2 വൈറസുമായി ഇതിനു ബന്ധമില്ല. അതേസമയം പകർച്ചവ്യാധിക്ക് കാരണമാകുന്ന വെെറസുകളുമായി ഇവ പരിണമിക്കുന്നുണ്ടോ എന്നത് പറനവിധേയമാക്കണമെന്ന് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ടു കേരളമുൾപ്പെടെയുള്ള പത്ത്  സംസ്ഥാനങ്ങളിൽ നടന്ന പഠനത്തിൽ 25 ഓളം വവ്വാലുകളിൽ കൊറോണ വെെറസിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. റോസെറ്റസ്, ടെറോപസ് വർഗത്തിൽപെട്ട വവ്വാലുകളുടെ മലാശയം, തൊണ്ടയിലെ സ്രവം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഈ കണ്ടെത്തൽ. എന്നാൽ ഈ വെെറസുകൾ മനുഷ്യരിലേക്ക് പകരില്ലെന്നാണ് ഐ.സി.എം.ആറിൻ്റെ പുതിയ പഠനം പറയുന്നത്.

വവ്വാലുകളിലുണ്ടായ ജനിതകമാറ്റം കാരണമാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് ചൈനയിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും വവ്വാലുകളിൽനിന്ന് വൈറസ് ഈനാംപേച്ചിയിലേക്കും അവയിൽനിന്ന് മനുഷ്യരിലേക്കും പകർന്നതാകാമെന്നാണ് ചെെനയിൽ നടന്ന പഠനം വ്യക്തമാക്കുന്നതെന്നും ഐ.സി.എം.ആർ ഗവേഷകർ പറയുന്നു

content highlights: virus found in bats are not causing covid says ICMR