തെറ്റായ പരിശോധന ഫലം; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്‍

ICMR asks states to avoid using rapid testing kits for 2 days

കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റാപിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കേണ്ടെന്ന് ഐ.സി.എം.ആര്‍ നിർദ്ദേശം. പരിശോധനാ ഫലത്തില്‍ കൃത്യതയില്ലെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ച് വിലയിരുത്തി രണ്ടു ദിവസത്തിനകം മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് ഐ.സി.എം.ആര്‍. വക്താവ് രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസം കൊണ്ട് ഞങ്ങളുടെ സംഘങ്ങള്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ച് ഉറപ്പാക്കും. ഗംഗാഖേദ്കര്‍ വ്യക്തമാക്കി.

ഏകദേശം അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തത്. കൊറോണ ഹോട്ട്‌സ്‌പോട്ടുകളിലെയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടത്തേയും മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഐ.സി.എം.ആര്‍ നിർദ്ദേശവും ഉണ്ടായിരുന്നു. എന്നാൽ കൃത്യത കുറവാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ റാപ്പിഡ് ടെസ്റ്റ് തല്‍ക്കാലത്തേക്ക് രാജസ്ഥാൻ സർക്കാർ നിർത്തിവച്ചു. തുടർന്നാണ് ഐ.സി.എം.ആറിൻ്റെ പുതിയ നിർദ്ദേശം.

content highlights: ICMR asks states to avoid using rapid testing kits for 2 days