ലോക്ക് ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന് ബിജെപി പ്രാദേശിക നേതാവടക്കം 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർ പ്രദേശിലെ പാനാപർ ഗ്രാമത്തിലെ ടികൈയ്ത് നഗറിലാണ് സംഭവം. ബിജെപി നേതാവ് സുധീര്‍ സിംഗ്, കുടുംബാംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ഗ്രാമത്തിലെ മൈതാനത്ത് ആളുകള്‍ ഒത്തുകൂടി ക്രിക്കറ്റ് മത്സരം നടക്കുന്നതായി രാവിലെയാണ് പൊലീസ് കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസെത്തി മത്സരം തടയുകയും ലോക്ക് ഡൗണ്‍ ലംഘിച്ച് മത്സരം സംഘടിപ്പിച്ചതിന് 20 പേര്‍ക്കെതിരേ കേസെടുക്കുകയുമായിരുന്നു. ബിജെപി പ്രാദേശിക നേതാവായ സുധീര്സിങ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചതെന്ന് പോലീസ് സൂപ്രണ്ട് അരവിന്ദ് ചതുര്‍വേദി പറഞ്ഞു.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 269, 188 എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ കൊവിഡ് 19 രോഗികള്‍ ഇല്ലാത്ത ജില്ലയാണ് ബാരബാങ്കി. എന്നാല്‍ ഇവിടെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടില്ല.
content highlights: BJP leader, 19 others booked for organizing cricket match during the lockdown in UP