റെംഡിസിവിർ കൊവിഡിനെ പ്രതിരോധിക്കില്ല; ക്ലിനിക്കൽ ട്രയലിൽ പരീക്ഷണം പരാജയം

Experimental coronavirus drug remdesivir fails in the human trial: Report

കൊറോണ വൈറസിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയിരുന്ന റെംഡിസിവിർ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. യുഎസ് കമ്പനിയായ ഗിലെയദ് സയൻസസ് ആണ് മരുന്നു വികസിപ്പിച്ചത്. 237 രോഗികളിലാണ് ചൈന പരീക്ഷണം നടത്തിയത്. ഇതില്‍ 158 പേര്‍ക്കാണ് മരുന്ന് നല്‍കി നിരീക്ഷിച്ചത്. 79 പേരെ മരുന്ന് നല്‍കാതെ സാധാരണ ചികിത്സ നൽകി നിലനിര്‍ത്തി. പാര്‍ശ്വഫലങ്ങള്‍ കാരണം 18 പേരില്‍ റെംഡിസിവിര്‍ നേരത്തെ നിര്‍ത്തി. സാധാരണ ചികിത്സ നൽകിയ 79 പേരുമായി താരതമ്യം ചെയ്യുമ്പോള്‍ മരുന്ന് കഴിച്ചവരുടെ രോഗത്തില്‍ പുരോഗതി കാണാനായില്ലെന്ന് ഗവേഷകര്‍ പറയുന്നു. 

158 പേരിൽ മരുന്നു നൽകിയിട്ടും 13.9% രോഗികൾ മരിച്ചു. സാധാരണ ചികിത്സ നടത്തിയ 79 പേരിൽ 12.8% പേരും മരിച്ചു. ഈ വ്യത്യാസമാണ് മരുന്ന് പരാജയമാണെന്ന വിലയിരുത്തലിൽ എത്തിച്ചത്. എന്നാല്‍ റെംഡിസിവിര്‍ മരുന്ന് ഫലപ്രദമാണോ അല്ലയോ എന്നതിനുള്ള അന്തിമ വിധിയല്ല ഈ ക്ലിനിക്കല്‍ ട്രയലെന്നും കുറേക്കുടി വ്യാപകമായ പരീക്ഷണങ്ങൾക്കുശേഷമേ പറയാൻ കഴിയുകയുള്ളു എന്നും ഗിലെയദ് സയൻസസ് കമ്പനി വക്താവ് പറഞ്ഞു.  കൊറോണ വൈറസിനെതിരേയുള്ള ചികിത്സയില്‍ നിര്‍ദേശിച്ച ആദ്യ മരുന്നുകളിലൊന്നായിരുന്നു റെംഡിസിവിൻ. 

content highlights: Experimental coronavirus drug remdesivir fails in the human trial: Report