സൂര്യപ്രകാശം കൊറോണ വെെറസിനെ വേഗത്തിൽ നശിപ്പിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

Sunlight destroys coronavirus quickly, say US scientists

സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. അൾട്രാവയലറ്റ് രശ്മികൾ വൈറസുകളിൽ വൻ ആഘാതം ഉണ്ടാക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വേനൽക്കാലത്ത് വെെറസിൻ്റെ വ്യാപനം തടയാൻ കഴിയുമെന്ന് ഡിപ്പാർട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയിലെ ശാസ്ത്ര–സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാൻ അറിയിച്ചു. സൂര്യപ്രകാശം വൈറസിനെ ഉപരിതലത്തിലും വായുവിലും നശിപ്പിക്കുമെന്നും അതുപോലെതന്നെ ഉയർന്ന താപനിലയും ഈർപ്പവും വൈറസിന് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അർട്രാവയലറ്റ് രശ്മികൾക്ക് അണുവിമുക്തമാക്കാൻ കഴിവുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. കാരണം വികിരണം വൈറസിൻ്റെ ജനിതകഘടകങ്ങളെയും പകർപ്പുണ്ടാക്കാനുള്ള കഴിവിനെയും നശിപ്പിക്കും. എന്നാൽ പരീക്ഷണത്തിന് ഉപയോഗിച്ച അൾട്രാവയലറ്റ് രശ്മികളുടെ തീവ്രതയും തരംഗദൈർഘ്യവും സൂര്യപ്രകാശത്തിന് സമമാണോയെന്ന് പരിശോധിക്കേണ്ടിവരും. ഇതുവരെ പുറത്തുവരാത്ത ഈ പഠനം മൂല്യനിർണയത്തിനായി കൊടുത്തിരിക്കുകയാണ്. ഗവേഷണം ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാൽ ഇതിനെ കുറിച്ച് കൂടുതൽ വ്യാഖ്യാനിക്കാനോ ചർച്ച നടത്താനോ ഇപ്പോൾ സാധിക്കില്ല.

content highlights: Sunlight destroys coronavirus quickly, say US scientists