കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്കാരം തടഞ്ഞാല്‍ തമിഴ്നാട്ടില്‍ ഇനി ഒന്നുമുതല്‍ മൂന്ന് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ചെന്നൈയില്‍ അടുത്തിടെ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെ ശവസംസ്കാര ചടങ്ങ് തടസപ്പെടുത്തുകയും ജനക്കൂട്ടം ആരോഗ്യ പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപന ജീവനക്കാരെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണിത്.
പ്രത്യേക രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്കാരം തടയുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. അത്തരം നടപടികളില്‍ ഏര്‍പ്പെടുന്നത് നിയമപ്രകാരം തെറ്റാണ്. കുറ്റക്കാര്‍ക്കെതിരെ 1939ലെ തമിഴ്നാട് പബ്ലിക്ക് ഹെല്‍ത്ത് ആക്ടിലെ 74-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെയും ശവസംസ്കാര ചടങ്ങും അന്ത്യകര്‍മങ്ങളും നിശ്ചയിച്ചിരുന്ന സ്ഥലത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു പുറമെ ഒരു ന്യൂറോ സര്‍ജൻ്റെ മൃതദേഹം ശ്മശാനത്തില്‍ രാത്രി രണ്ട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സ്വയം മറവുചെയ്യേണ്ടിയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്കാരം തടയുന്നവർക്ക് ശിക്ഷ നടപ്പാക്കാൻ പോകുന്നത്.
content highlights: Blocking burial or cremation of victims of the notified disease to attract 3-yr jail term in Tamil Nadu