കുട്ടികൾക്കുള്ള വധശിക്ഷ നിർത്തലാക്കി സൗദി അറേബ്യ; തീരുമാനം ചാട്ടവാറടി നിര്‍ത്തലാക്കിയതിനു പിന്നാലെ

Saudi Arabia ends the death penalty for crimes committed by minors

സൗദി അറേബ്യയില്‍ കുട്ടികളെ വധശിക്ഷക്ക് വിധിക്കുന്നത് നിര്‍ത്തലാക്കി. സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡൻ്റ് അവ്വദ് അലവാദ് ആണ് കുട്ടികളുടെ വധശിക്ഷ നിർത്തലാക്കിയതായി പ്രഖ്യാപിച്ചത്. കുറ്റം ചെയ്യുന്ന സമയത്ത് പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളെയാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത്. പകരം ഇവര്‍ക്ക് 10 വര്‍ഷത്തിൽ കുറഞ്ഞ ജുവൈനൈല്‍ തടവ് ശിക്ഷയാണ് വിധിക്കുക. സൗദിയിൽ നിലനിന്നിരുന്ന ചാട്ടവാറടി ശിക്ഷ കഴിഞ്ഞ ദിവസം നിർത്തലാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. സൗദിയില്‍ നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളിൽ കൂടി എന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് പുതിയ നിയമ ഭേഗദതികള്‍ വരുന്നത്. 

സല്‍മാന്‍ രാജാവിൻ്റെ നിര്‍ദ്ദേശപ്രകാരവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ്റെ മേല്‍നോട്ടത്തിലും എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കും എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പ്രതീക്ഷിക്കുന്നത്. സൗദിയില്‍ 5 വര്‍ഷ കാലയളവിൽ 800 പേരെ തൂക്കിലേറ്റിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. 2015 ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലേറിയതോടെ തൂക്കിക്കൊലകള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. 2019 ല്‍ 184 വധശിക്ഷകളാണ് നടന്നത്. 184 പേരില്‍ ആറ് സ്ത്രീകളും 178 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 

content highlights: Saudi Arabia ends the death penalty for crimes committed by minors