തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. പാലക്കാട് വാളയാര്‍ ചെക്പോസ്റ്റിലാണ് ആദ്യ വാഹനമെത്തിയത്. രാവിലെ എട്ടോടെ വാളയാര്‍ ചെക്പോസ്റ്റിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പാസ് അനുവദിച്ചിരുന്നു. ഈ പാസ് ലഭിച്ചവര്‍ക്കാണ് പ്രവേശനം.
ചെക്പോസ്റ്റിലെ കര്‍ശനമായ പരിശോധനക്ക് ശേഷമാണ് വാഹനം കടത്തി വിടുന്നത്. 14 കൗണ്ടറുകളാണ് കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി ഒരുക്കിയത്. കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്കായി രണ്ട് കൗണ്ടറുകളാണുള്ളത്. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ക്ലര്‍ക്കുമാരും റവന്യു ഉദ്യോഗസ്ഥരും ചെക്പോസ്റ്റിലുണ്ട്.
കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം 108 ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റും. ആവശ്യമെങ്കില്‍ അവരുടെ സ്രവം പരിശോധനക്കയച്ച് കൊറോണ കേസ് സെന്ററിലേക്ക് വിടാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുത്തങ്ങ, ഇഞ്ചിവിള, ആര്യങ്കാവ്, കുമളി, മഞ്ചേശ്വരം ചെക്പോസ്റ്റുകളിലൂടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ കേരളത്തിലെത്തുന്നത്. ഇവിടങ്ങളിലെല്ലാം ഹെല്പ് ഡസ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി കളിയിക്കാവിളയില്‍ 12 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാന്‍ തൊട്ടടുത്ത ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്.
Content Highlight: first team from other States reaches Valayar, Kerala