തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി കൊച്ചിയില്‍ എത്തി തിരികെപോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്

കൊച്ചി: തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെപോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിലും ജാഗ്രത. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നും കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിലാണ് ഇയാള്‍ ലോഡുമായി എത്തിയത്. ഞായറാഴ്ച രാവിലെ ആറിനാണ് ചന്തയിലെത്തിയത്. പിന്നീട് കോട്ടയത്തും ലോഡ് ഇറക്കിയ ശേഷം തിങ്കളാഴ്ച തിരികെ പോയി. തമിഴ്നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക് പോസ്റ്റില്‍ ഇയാള്‍ പരിശോധനയ്ക്കു വിധേയനായിരുന്നു.

ഇവിടെ ശേഖരിച്ച സാമ്പിളിന്റെ ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൂടുതല്‍ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡ്രൈവര്‍ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlight: Kovid to lorry driver who returned from Kochi with eggs