കൊറോണ വൈറസ് വ്യാപനത്തിൽ ഭയന്ന് ഇക്വഡോറിലെ ഒരു തദ്ദേശീയ ഗോത്രസമൂഹം ആമസോണ്‍ മഴക്കാടുകളിലേക്ക് പലായനം ചെയ്തു. 744 പേർ മാത്രമുള്ള ഗോത്രസമൂഹമാണിത്. ഇക്വഡോര്‍-പെറു അതിര്‍ത്തിയോട് ചേര്‍ന്നുള്ള സീകോപായില് താമസിക്കുന്ന ഇവരിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു മുതിര്‍ന്ന അംഗങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇവിടെ മരിക്കുകയും ചെയ്തു. ഇതോടെയാണ് വൈറസ് ഭീതിയെ തുടര്‍ന്ന് തദ്ദേശീയ വിഭാഗത്തിലെ കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര് ആമസോണിൻ്റെ ഹൃദയഭാഗത്തുളള ഇക്വഡോറിലെ ഏറ്റവും വലിയ തണ്ണീര്ത്തടങ്ങളിലൊന്നായ ലഗാര്ട്ടോകോച്ചയിലേക്ക് പലായനം ചെയ്തത്.
‘ഞങ്ങള്‍ വെറും 700 പേര് മാത്രമേയുള്ളു. കൊറോണ പോലെയുള്ള നിരവധി മഹാമാരികളാണ് ഞങ്ങളുടെ കൂട്ടത്തിലുള്ള പലരേയും കീഴ്പ്പെടുത്തിയത്. ചരിത്രം ആവര്‍ത്തിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. 700 എന്നത് 100 ആയി ചുരുങ്ങുന്നത് ഞങ്ങൾ ചിന്തിക്കാൻ കഴിയില്ല’. സമുദായ അധ്യക്ഷന്‍ ജസ്റ്റിനോ പിയാഗുവാജെ പറഞ്ഞു. സീകോപായ് പോലുള്ള സമൂഹങ്ങളെ ആരോഗ്യ മന്ത്രാലയം അവഗണിക്കുകയാണെന്നാണ് ഇക്വഡോറിലെ ആമസോണിയന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
content highlights: Ecuador Indigenous community fears extinction from coronavirus