ആരോഗ്യ സേതു ആപ്പിലും സുരക്ഷ പ്രശ്‌നങ്ങള്‍; രാഹുല്‍ ഗാന്ധിയുടെ സംശയം ശരിവച്ച് സൈബര്‍ വിദഗ്ധര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കണ്ടെത്താനുള്ള ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ചില സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സംശയം ശരിവെച്ച് സൈബര്‍ വിദഗ്ധര്‍. സാങ്കേതികവിദ്യ നമ്മെ സുരക്ഷിതമാക്കും. എന്നാല്‍, ജനങ്ങളെ അവരുടെ അനുവാദമില്ലാതെ നിരീക്ഷിക്കുന്നതിനുള്ള പരിഷ്‌കൃത സംവിധാനമാണ് ആരോഗ്യ സേതുവെന്നായിരുന്നു രാഹുലിന്റെ അഭിപ്രായം.

ഫ്രഞ്ച് സൈബര്‍ സുരക്ഷ വിദഗ്ധനായ എലിയട്ട് അല്‍ഡേഴ്‌സണ്‍ ആണ് ആപ്പില്‍ സുരക്ഷ പ്രശ്‌നമുണ്ടെന്നും കോണ്‍ഗ്രസ് നേതാവിന്റെ സംശയം ശരിയാണെന്നും പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത്. ഫ്രഞ്ച് ടെലിവിഷന്‍ ഷോക്കു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ”ഹായ് ആരോഗ്യ സേതു, ആപ്പില്‍ സുരക്ഷ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലെ 90 കോടി ജനങ്ങളുടെ സ്വകാര്യത അപകടത്തിലാണ്. നിങ്ങള്‍ക്ക് സ്വകാര്യമായി എന്നെ ബന്ധപ്പെടാന്‍ പറ്റുമോ രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയാണ്”എന്ന് അല്‍ഡേഴ്‌സണ്‍ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ട്വീറ്റ് ചെയ്ത് 49 മിനിറ്റ് കഴിഞ്ഞപ്പോള്‍ കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ വിദഗ്ധര്‍ തന്നെ ബന്ധപ്പെട്ടതായും അവരുമായി പ്രശ്‌നം ചര്‍ച്ച ചെയ്തതായും അല്‍ഡേഴ്‌സന്‍ പറഞ്ഞു. നേരത്തേ, ഇറാന്റെ കോവിഡ്-19 ആപ്പും അല്‍ഡേഴ്‌സന്‍ പരിശോധിച്ചിരുന്നു. ആപ് വഴി ഇറാന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Content Highlight: Experts find security problems in Arogya Setu app