ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. ഹർജിക്കാരനായ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇത്തരം ഹര്‍ജികള്‍ ജനശ്രദ്ധ ലക്ഷ്യമിട്ടാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ പ്രത്യക്ഷ മദ്യവില്‍പന വിലക്കിയ മദ്രാസ് ഹൈക്കോടതി വിധിയും സുപ്രീം കോടതി സ്റ്റേ ചെയ്തു. സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എല്‍.നാഗേശ്വര റാവു, എസ്.കെ.കൗള്‍, ബി.ആര്‍.ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ‘ഇതുപോലുളള ഒരുപാട് ഹര്‍ജികള്‍ അംഗീകരിക്കാനാവില്ല. ഇതെല്ലാം പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതാണ്. ഞങ്ങള്‍ പിഴ ചുമത്തും.’ ജസ്റ്റിസ് റാവു പറഞ്ഞു. മദ്യശാലകള്‍ തുറന്നതോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കുമാര്‍ എന്ന അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദത്തിനായി ഹാജരായ അദ്ദേഹം രാജ്യത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്ന് മറക്കരുതെന്നും വാദിച്ചു. എന്നാല്‍ അതും മദ്യവില്പനയുമായി എന്താണ് ബന്ധമുള്ളതെന്നായിരുന്നു ജസ്റ്റിസ് റാവുവിൻ്റെ ചോദ്യം.
content highlights: SC dismisses the plea for the closure of Liquor Shop, with one lakh rupees penalty