ബംഗളൂരു: അംഫാന്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പ്രതീക്ഷിച്ചതിലും വേഗത്തില്‍, അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കടലില്‍ നിലവില്‍ മണിക്കൂറില്‍ 260 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുഴലിക്കാറ്റുകളില്‍ ഏറ്റവും ശക്തിയേറിയതാണ് അംഫാന്‍ എന്നാണ് റിപ്പോര്‍ട്ട്.
ഒഡീഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ഏതുസാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും.
കേരളത്തില്‍ ഇന്ന് ശക്തമായമഴയാണ് അനുഭവപ്പെടുന്നത്. അംഫാന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് നാല് മണിക്കാണ് സ്ഥിതിഗതികള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനുമായി അദേഹം യോഗം വിളിച്ചിരിക്കുന്നത്.
Content Highlight: Super Cyclone Amphan May Hit Bengal