ഉംപുന്‍ ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡീഷയിലുമായി മൂന്ന് മരണം; കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോ മീറ്റര്‍

ന്യൂഡല്‍ഹി: കൊല്‍ക്കത്തിയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഉംപുണ്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും തീരദേശത്ത് പെയ്യുന്നുണ്ട്. വൈകീട്ട് ഏഴുമണിയോടെയാണ് ഉംപുണ്‍ കരയില്‍ പ്രവേശിച്ചത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗാളില്‍ രണ്ടുപേര്‍ മരിച്ചു. കൊല്‍ക്കത്തയില്‍ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം ഉച്ചയ്ക്കു രണ്ടരയോടെ ബംഗാളില്‍ പ്രവേശിച്ചിരുന്നു.

ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി എം രാജീവന്‍ പറഞ്ഞു. ഏതു സാഹചര്യത്തെ നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. അഗ്‌നിരക്ഷാ സേനയും പൂര്‍ണസജ്ജരാണ്.

നാവികസേനയുടെ ഡ്രൈവര്‍മാര്‍ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറില്‍ തയാറാണ്. വിശാഖപട്ടണത്തും പാരദീപിലും ഗോലാപുരിലുമുള്ള ഡോപ്ലര്‍ വെതര്‍ റഡാര്‍ (ഡിഡബ്ല്യുആര്‍) ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

Content Highlight: Amphan cyclone kills 3 from Odisha and Bengal