യുഎഇയിലെ കോവിഡ്19 പ്രതിരോധത്തിന് മലയാളികളുടെ സംഘമെത്തി

അബുദാബി: യുഎഇയിലെ കോവിഡ്-19 പ്രതിരോധത്തിനായി കേരളത്തില്‍ നിന്നും 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെയാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്സിന്റെ ചാര്‍ട്ടഡ് വിമാനത്തിലാണ് സംഘമെത്തിയത്. അത്യാഹിത പരിചരണത്തില്‍ പ്രാവീണ്യമുള്ള നഴ്സുമാരും ഡോക്ടറും പാരാമെഡിക്കല്‍ വിദഗ്ദരും അടക്കമുള്ള സംഘമാണ് എത്തിയത്. ഇവരില്‍ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്.

ഇന്ത്യ, യുഎഇ സര്‍ക്കാരുകളുടെ പിന്തുണയോടെയാണ് ആരോഗ്യപ്രവര്‍ത്തകരെത്തിയത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയില്‍ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപ്പൂര്‍ പറഞ്ഞു.
‘ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കരുത്തേകുമെന്ന് നമ്മള്‍ എല്ലായ്പ്പോഴും ഊന്നിപറഞ്ഞിട്ടുണ്ട്. ഇതെങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നാണ് ഇന്ത്യയും യുഎഇയും ഇപ്പോള്‍ കാണിച്ചുതരുന്നത്. നമ്മുടെ രാഷ്ട്രങ്ങള്‍ പങ്കുവയ്ക്കുന്ന കരുത്തുറ്റ ദീര്‍ഘകാല ബന്ധത്തെ തുടര്‍ന്നാണ് ഇത് സാധ്യമായത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ യുഎഇയില്‍ ജോലി ചെയ്തിരുന്ന 30 പേരും സംഘത്തിലുണ്ട്. അവധിക്ക് നാട്ടില്‍ വന്നു ലോക്ക് ഡൗണ്‍ കാരണം തിരിച്ചു പോവാനാകാതെ നാട്ടില്‍ കുടുങ്ങിയതാണ് ഇവര്‍.

Content Highlight: Malayalee team reached UAE for Covid defence