സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി;  വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യ കേസ്

Man Sentenced to Death in Singapore via Zoom Call

വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011 ലെ ഹെറോയിന്‍ ഇടപാടില്‍ കുറ്റവാളിയായ 37 വയസ്സുള്ള മലേഷ്യക്കാരനായ പുനിതന്‍ ജെനാസനാണ് വെള്ളിയാഴ്ച ശിക്ഷ ലഭിച്ചത്. 

കൊവിഡിനെ തുടര്‍ന്ന് വാദനടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടത്തിയതെന്ന് സിംഗപ്പൂര്‍ സുപ്രീം കോടതി വക്താവ് അറിയിച്ചു. ഒരു ക്രിമിനല്‍ കേസില്‍ ആദ്യമായാണ് സിംഗപ്പൂരില്‍ വീഡിയോ കോണ്‍ഫന്‍സ് വഴി ശിക്ഷ വിധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിവിധി മാത്രമാണ് സൂം വഴി നടന്നതെന്നും അപ്പീലിന് ശ്രമിക്കുമെന്നും പ്രതിയുടെ അഭിഭാഷകന്‍ പീറ്റര്‍ ഫെര്‍നാര്‍ഡൊ പറഞ്ഞു. 

എന്നാല്‍ സൂം വഴി വധശിക്ഷ വിധിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സിംഗപ്പൂരില്‍ ഏപ്രില്‍ മാസം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം പല കേസുകളിലേയും വാദം കേള്‍ക്കുന്നത് താല്‍ക്കാലികമായി കോടതികള്‍ നിര്‍ത്തിവെച്ചിരുന്നു.

content highlights: Man Sentenced to Death in Singapore via Zoom Call