ജോലിസ്ഥലങ്ങളില്‍ സാങ്കേതികത സ്വീകരിക്കുന്നതില്‍ സിംഗപൂരിനെ കടത്തിവെട്ടി ഇന്ത്യ

സാങ്കേതികമായി വികസനം നേടിയ രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സിംഗപൂര്‍. സിംഗപൂരിലെ ജോലിസ്ഥലങ്ങളില്‍ വീടുകളിലും ഓഫീസുകളിലുമെല്ലാം സാങ്കേതിക വിദ്യയെ വലിയതോതില്‍ ഫലപ്രദമായി ഉപയോഗിച്ച് പോരുന്നത്. എന്നാല്‍ ഏഷ്യയില്‍ വച്ചുതന്നെ ഡിജിറ്റല്‍ ടെക്‌നോളജിയില്‍ വിപുലമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രധാനപ്പെട്ട രാജ്യമായ സിംഗപൂരിനെ കടത്തിവെട്ടിയിരിക്കുകയാണ് ഇന്ത്യ.

ജോലിസ്ഥലങ്ങളിലുള്ള സാങ്കേതിക വിദ്യയുടെ പ്രയോജനം കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ സിംഗപൂരിനേക്കാള്‍ അധികമായി സാങ്കേതികവിദ്യയെ ഇന്ത്യ സ്വീകരിക്കുന്നതായി കണ്ടെത്തി. ഉപഭോക്താക്കളുടെ ഇടയിലാണ് സര്‍വ്വേ നടത്തിയാണ്. 76 ശതമാനം ഉപഭോക്താക്കളാണ് പുതിയ ടെക്‌നോളജി ഉപയോഗിക്കുന്നതിന് തയ്യാറായുള്ളത്. എന്നാല്‍ സിംഗപൂരില്‍ 69 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് പുതിയ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നത്.

ഇന്ത്യയിലെ 72 ശതമാനം ജോലിക്കാര്‍ നിര്‍മ്മിത ബുദ്ധി ( Artificial intelligence ) ജോലിസ്ഥലങ്ങളില്‍ ഉപയോഗിക്കുവാനും ശരീര അദ്ധ്വാനം വരുന്ന സ്വയം തൊഴിലുകള്‍ ഉപേക്ഷിക്കുവാനും താല്‍പര്യം കാണിക്കുന്നു. എന്നാല്‍ സിംഗപൂരില്‍ 54 ശതമാനം മാത്രമാണിത്. ദിവസേനയുള്ള ജോലികള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പൂര്‍ത്തികരിക്കുന്ന രീതിയും ഇന്ത്യയില്‍ വികസിക്കുന്നു. 75 ശതമാനം ഇന്ത്യന്‍ ജോലിക്കാര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.

വെറിന്റ് ആന്റ് ഒപിനിയം റിസേര്‍ച്ച് എല്‍എല്‍സിയാണ് പഠനം പ്രസിദ്ധീകരിച്ചത്. സാങ്കേതികവിദ്യ എങ്ങനെയാണ് ഉപഭോക്താവിനെ സ്വാധീനിക്കുന്നത്, ഈ ഡിജിറ്റല്‍ കാലത്തില്‍ എന്തൊക്കെ സാങ്കേതിക വികസനമാണ് വേണ്ടത് എന്നതിനെ സംബന്ധിച്ച് ഉപഭോക്താക്കളില്‍ തന്നെ നടത്തിയ പഠനത്തിലാണ് ഇന്ത്യ സാങ്കേതികവിദ്യയില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതായി കണ്ടെത്തിയത്.