ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭ്യര്‍ഥന പ്രകാരമാണ് പ്രധാനമന്ത്രി ബംഗാളിലെത്തിയത്. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച മേഖലകള്‍ അദ്ദേഹം ഹെലികോപ്ടറില്‍ വിലയിരുത്തി. ശേഷം ബസിര്‍ഹത്ത് മേഖലയ്ക്ക് സമീപത്തെ സ്‌കൂളില്‍ അവലോകന യോഗം ചേര്‍ന്നു. ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 80 പേരും ഒഡീഷയില്‍ രണ്ട് പേരുമാണ് മരിച്ചത്. ഇത് വലിയ ദുരന്തമാണെന്നും ആറ് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നെന്നും മമതാ ബാനര്‍ജി പ്രധാനമന്ത്രിയെ അറിയിച്ചു. ചുഴലിക്കാറ്റില്‍ നാശം വിതച്ച സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യോഗത്തിനുശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഈ വിഷമ ഘട്ടത്തില്‍ കേന്ദ്രം ബംഗാളിനോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
content highlights: PM Modi announces Rs 1,000 cr immediate relief for Cyclone Amphan-hit Bengal