വിമാനങ്ങളിൽ നടുവിലെ സീറ്റ് ഒഴിച്ചിടാത്തതില്‍ എയര്‍ ഇന്ത്യക്കെതിരെ സുപ്രീംകോടതി

After June 6, Empty Middle Seats On Special Air India Flights: Top Court

വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതിൽ എയർ ഇന്ത്യയെ ശാസിച്ച് സുപ്രീം കോടതി. വിമാനങ്ങളില്‍ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നത് സാമാന്യബോധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ വിമാനത്തിനകത്തും സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ ആരോഗ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ആശങ്കപ്പെടേണ്ടത് അല്ലാതെ വിമാന കമ്പനികളുടെ കാര്യത്തിൽ അല്ലാ എന്നും കോടതി വിമർശിച്ചു.

സാമൂഹിക അകലം പാലിക്കണം എന്നത് സാമാന്യബോധമാണ്. പുറത്ത് ആറ് അടി അകലമെങ്കിലും പാലിക്കണം. വിമാനത്തിനുള്ളില്‍ എങ്ങനെയാണ് എന്ന് വന്ദേഭാരത് ദൗത്യത്തിലുള്ള എയര്‍ ഇന്ത്യയുടെ വക്താക്കളോട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ചോദിച്ചു. സീറ്റില്‍ ആളെ നിറച്ചുകൊണ്ടുപോവുന്നത് വൈറസ് ബാധയ്ക്ക് ഇടയാക്കില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും? വിമാനത്തിനുള്ളിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ? അടുത്തടുത്തിരുന്നാല്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മെയ് ഏഴ് മുതലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരെ എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ ഇന്ത്യയിലേക്കെത്തിച്ച് തുടങ്ങിയത്.

നടുവിലെ സീറ്റുകള്‍ ഒഴിച്ചിടണമെന്ന മാര്‍ഗനിര്‍ദ്ദേശം എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് ദേവന്‍ യോഗേഷ് കാനാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശം അസാധുവാണെന്ന് എയര്‍ ഇന്ത്യ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ സീറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് ബോംബെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചത്. ജൂണ്‍ 6 വരെയുള്ള ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയായതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. നിലവില്‍ ചാര്‍ട്ട് ചെയ്ത യാത്രകള്‍ പൂര്‍ത്തിയാവുന്നത് വരെ ഇപ്പോഴുള്ള നില തുടരാനും ശേഷം നടുവിലെ സീറ്റ് ഒഴിച്ചിട്ടുകൊണ്ട് യാത്ര നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

content highlights: After June 6, Empty Middle Seats On Special Air India Flights: Top Court

LEAVE A REPLY

Please enter your comment!
Please enter your name here