ബെവ്ക്യൂ ആപ്പിന് ഗൂഗിളിൻ്റെ അനുമതി ലഭിച്ചു; ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കും

ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. ബീറ്റ വേർഷന് അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ മദ്യശാലകൾ എന്ന് തുറക്കുമെന്ന് തീരുമാനിക്കും. 

സാങ്കേതികമായ അനുമതി ലഭിച്ചതിനെ തുടർന്ന് ഒരേ സമയം നിരവധി ആളുകള്‍ പ്രവേശിക്കുമ്പോള്‍ തകരാറിലാകാതിരിക്കാന്‍ ലോഡിങ് ടെസ്റ്റ് നടത്തേണ്ടതുണ്ട്.. ഹാക്കിങ് ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കൾ അറിയിച്ചത്. 

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ്പ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളിൽ നിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. ആപ്പ് വഴി മദ്യത്തിൻ്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത് പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താൽ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലീറ്റർ മദ്യം മാത്രമെ വാങ്ങിക്കാൻ കഴിയുകയുള്ളു. 

content highlights: Google gives permission to the Bev Q app