ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും, ഹോട്ടലുകളും വ്യവസായ കേന്ദ്രങ്ങളും ജൂണ്‍ എട്ട് മുതല്‍ തുറക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക. അതേസമയം രാത്രിയാത്രാനിയന്ത്രണം തുടരും.
രണ്ടാംഘട്ടത്തില്‍ സ്‌കൂളുകള്‍ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലായ് മാസത്തോടെ സ്‌കൂളുകള്‍ തുറന്നേക്കും. അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം വരും. ഇപ്പോള്‍ തീരുമാനമായിട്ടില്ല. നൈറ്റ് കര്‍ഫ്യൂ നിലവില്‍ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി ഇളവ് നല്‍കി. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കര്‍ഫ്യൂ.
Content Highlight: Lock down extended to June 30, Malls and devotional centers open from June 8