കൊവിഡ് തീവ്രത: തമിഴ്നാട്ടിലെ നാല് ജില്ലകള്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്

ചെന്നൈ: ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് വ്യാപനത്തിനെതിരെ കൂടുതല്‍ ആസൂത്രണം ആവശ്യമാണെന്ന വിദഗ്ധ സമിതിയുടെ അഭിപ്രായം പരിഗണിച്ചാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ മെഡിക്കല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ഏക സംസ്ഥാനമായി തമിഴ്നാട് മാറി.

അതേസമയം, കമ്മിറ്റി സര്‍ക്കാറിനോട് നിര്‍ദേശിച്ചത് ചില നിര്‍ദിഷ്ട തന്ത്രങ്ങള്‍ മാത്രമാണെന്നും ലോക്ക്ഡൗണ്‍ അല്ലെന്നും വിദഗ്ധ സമിതി അംഗം വ്യക്തമാക്കി. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് പലചരക്ക് പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ്സ് നല്‍കുന്നത് തുടരും. വിമാന സര്‍വീസിനും തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlight: Tamil Nadu declares Lock down in 4 Districts till June 30