അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് നേരത്തെ എത്തിച്ചിരുന്നെങ്കില്‍ കൊവിഡിൻ്റെ വൻതോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നുവെന്ന് പഠനം

Spike in coronavirus cases could have been avoided if migrants allowed to go before lockdown: Report

വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളെ നേരത്തെ തന്നെ അവരുടെ നാടുകളിലേക്ക് എത്തിച്ചിരുന്നെങ്കില്‍ കൊറോണ വൈറസിൻ്റെ വന്‍തോതിലുള്ള വ്യാപനം ഒഴിവാക്കാമായിരുന്നെന്ന് പഠനം. എഐഐഎംഎസ്, ജെഎന്‍യു, ബിഎച്ച്‍യു തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരടങ്ങിയ ‘കൊവിഡ് ടാസ്ക് ഫോഴ്സ്’ ആണ് പഠനം നടത്തിയത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷം കവിയുകയും മരണസംഖ്യ അയ്യായിരം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവൻ്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപിഡമിയോളജീസ് എന്നീ സംഘടനകളിലെ വിദഗ്ധര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് അയച്ചുനൽകി. 

തിരിച്ചുവരുന്ന അതിഥി തൊഴിലാളികള്‍ കൊവിഡ് രോഗത്തെ രാജ്യത്തിൻ്റ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുകയാണ്. വളരെ ദുര്‍ബലമായ പൊതുജനാരോഗ്യ സംവിധാനങ്ങളുള്ള ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനം കൂട്ടുന്നതിനും തൊഴിലാളികളുടെ മടങ്ങിവരവ് കാരണമായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 606 കൊവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇത് മെയ് 24 ആയപ്പോഴേക്ക് 138,845 കേസുകളായി ഉയര്‍ന്നതായി ആരോഗ്യവിദഗ്ധരുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒരു തയ്യാറെടുപ്പുകളുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏറ്റവും സാരമായി ബാധിച്ചത് അതിഥി തൊഴിലാളികളെയാണ്. സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ രാജ്യത്തെ എപിഡമിയോളജിസ്റ്റുകളുമായി ചര്‍ച്ച ചെയ്ത് രോഗത്തിൻ്റെ വ്യാപന സ്വഭാവം മനസ്സിലാക്കാന്‍ ശ്രമിക്കാതിരുന്നതിനെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. പൊതുജനങ്ങളുമായി നേരിട്ട് ചർച്ച ചെയ്ത് സാഹചര്യം വിലയിരുത്താതിരുന്നതും പ്രായോഗികമായി കാര്യങ്ങളെ മനസ്സിലാക്കുന്നതിന് തടസ്സമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എപിഡമിയോളജിയിലും പൊതുജനാരോഗ്യത്തിലും സാമൂഹ്യശാസ്ത്രത്തിലും കഴിവുള്ളവരുടെ ഉപദേശം തേടിയില്ല. സാധാരണ ഭരണകാര്യങ്ങളില്‍ ഇടപെട്ട് പരിചയമുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന്  നയരൂപീകരണം നടത്തിയത് വലിയ പരാജയമായി മാറി.

ഈ വിഷയത്തില്‍ പൊതുജനാരോഗ്യ രംഗത്തെ വിവിധ മേഖലകളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെയും പ്രതിരോധ വിദഗ്ധരുടെയും ഉപദേശം തേടിയാകണം സര്‍ക്കാര്‍ ഇനി മുമ്പോട്ടു പോകേണ്ടതെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കേന്ദ്ര-സംസ്ഥാന-ജില്ലാ തലങ്ങളിലുള്ള ആരോഗ്യവിദഗ്ധര്‍ക്ക് ഇതിനുള്ള അവസരം കിട്ടണം. ടെസ്റ്റ് റിസള്‍ട്ട് അടക്കമുള്ള എല്ലാ വിവരങ്ങളും ഗവേഷകര്‍ക്ക് ലഭ്യമാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. 

content highlights: Spike in coronavirus cases could have been avoided if migrants allowed to go before lockdown: Report